Tuesday, November 3, 2020

പറയാൻ മറന്ന വാക്കുകൾ


വാക്കുകൾ പറയാൻ മറന്നത്
എപ്പോഴായിരുന്നു?

കണ്ണുകൾ നോക്കാൻ മറന്നത്
എന്നായിരുന്നു?

കൽബഞ്ചിലെ തണുപ്പ്
എനിക്ക് മാത്രമായി ബാക്കി വെച്ച്
നീ നടന്നു നീങ്ങിയപ്പോഴായിരിക്കണം.

അല്ലെങ്കിൽ അങ്ങ് ദൂരെ
വഴി തിരിയുന്നിടത്ത്
നീ പുറകോട്ട് നോക്കിയപ്പോഴാവണം.

ഒടുവിൽ നീ തന്ന
സമ്മാനപ്പൊതിയിലെ ഓർമ്മകളിലേക്ക്
കണ്ണുനീർ ഇറ്റ് വീണപ്പോഴുമാവാം

വാടിയ പൂക്കൾക്കിടയിൽ
ചിതറിക്കിടന്ന വാക്കുകൾക്ക് മുകളിൽ
ഇരുൾ വീണു തുടങ്ങി

അക്ഷരക്കൂട്ടങ്ങളിൽ
വാക്കുകൾ ഇനി തേടണം.
പറയാൻ മറക്കാത്ത വാക്കുകൾ.

Friday, February 5, 2016

പ്രണയ ചിത്രങ്ങൾ


പ്രണയകാലത്ത്  സങ്കൽപ്പങ്ങൾ പലതായിരുന്നു. പല ഭാവങ്ങളിലും പല രൂപങ്ങളിലും.

തോട്ടിലൂടെ ഒഴുകി നീങ്ങുന്ന പായൽക്കൂട്ടങ്ങളെ കരയിലെ കവുങ്ങുകൾക്ക് അരികിലിരുന്ന് ചൂണ്ടക്കമ്പിന്റെ അറ്റം കൊണ്ട് കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ അവൾ ആയിരുന്നു മനസ്സിൽ.

ജനൽപ്പാളിയിൽ ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ. അതിൽ അടുത്തടുത്ത് നീങ്ങുന്ന രണ്ടു വെള്ളത്തുള്ളികളിൽ ഒന്ന് അവളാണെന്നും മറ്റേത് ഞാനാണെന്നും സങ്കൽപ്പിച്ചു. തുള്ളികൾ യോജിക്കാതെ അകന്നു പോകുമോ എന്ന ഭയത്തിനൊടുവിൽ അവ ഒരുമിച്ച് ഒരു ചാലായി ഒഴുകിയിറങ്ങിയപ്പോൾ മനസ്സ് കുളിർത്തു.

ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ അടർത്തി, അതിലൊന്നിന്റെ ഞെട്ട് ഭാഗം പിച്ചി മാറ്റി, വിരലുകൾക്കിടയിൽ ചെറുതായി ഞരടി, ചുണ്ടുകൾക്കിടയിൽ വെച്ച് ഊതി കുമിളകൾ നിറയ്ക്കുന്നതിനിടയിൽ.. അടുത്തടുത്ത രണ്ടു കുമിളകൾ ഞങ്ങൾ ആണെന്ന് കരുതി ഒന്നാക്കാനായി ശ്രമിച്ചതും..

ഗ്രൂപ്പ്‌ ഫോട്ടോയിൽ രണ്ടറ്റത്തുമായി നിന്നിരുന്ന ഞങ്ങളുടെ ഇടയിലെ മറ്റെല്ലാവരെയും കൈപ്പത്തി കൊണ്ട് മറച്ചു പിടിച്ച് അകലങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചതും.

മണൽത്തീരത്തെ അവളുടെ കാൽപ്പാടുകൾക്കരികിൽ പാദമമർത്തി, അരികുകൾ തീർക്കുന്ന മണൽവരകൾ കൈവിരലുകൾ കൊണ്ട് മായ്ച് കളഞ്ഞ്  ഒരു പാദചിത്രമാക്കാൻ ശ്രമിച്ച സൂര്യാസ്തമയങ്ങൾ.

വാടിക്കിടക്കുന്ന പേരറിയാപ്പൂക്കളിൽ ഒന്നിനെ വിരൽ കൊണ്ട് തട്ടിത്തെറിപ്പിക്കുമ്പോൾ അത് ചെന്ന് കൊള്ളുന്നത് അവളാണെന്ന് സങ്കൽപ്പിച്ച പൂവിൽ തന്നെയാവുമ്പോൾ, ലോകം ഞങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. കൂടെ തലോടിക്കടന്ന ഇളം കാറ്റിന്റെ സ്പർശനം അവൾ ഒത്തിരി അരികെ എത്തി എന്ന്  തോന്നിച്ചിരുന്നു.

അങ്ങിനെ എത്ര എത്ര ചിത്രങ്ങൾ. 


ഏതാണ് നിങ്ങളുടെ മനസ്സിൽ കടന്നു വരുന്ന പ്രണയ ചിത്രങ്ങൾ..??

Sunday, July 21, 2013

ചോദ്യങ്ങള്‍


എന്‍റെ പകലുകളിലെ വെളിച്ചം കൊണ്ട്
നിന്‍റെ മനസ്സിലെ ഇരുട്ടിനെ
ഞാന്‍ മായ്ച്ച് കളയട്ടെ?

ചിതറിയ കരിയിലകള്‍ക്കും 
വാടി വീണ പൂക്കള്‍ക്കും ഇടയില്‍
നമുക്ക് ഒരുമിച്ച് നടന്ന്‍ കൂടെ?

നിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ,
എന്‍റെ വിരല്‍ത്തുമ്പുകള്‍ കൊണ്ട് 
തുടച്ച് കളയട്ടെ?

കറുപ്പും വെളുപ്പും നിറഞ്ഞ 
നിന്‍റെ ഇന്നുകളിലേക്ക് ഞാന്‍
നിറങ്ങള്‍ പകര്‍ന്ന് തരട്ടെ?

ജീവിതത്തിന്‍റെ ക്യാന്‍വാസില്‍ 
നമുക്ക് ഒരുമിച്ച് 
ചിത്രങ്ങള്‍ വരച്ച് കൂടെ?

Saturday, June 29, 2013

പ്രണയകാലം.


പാതയ്ക്ക് ദൈര്‍ഘ്യമേറുമ്പോള്‍ ,
കൂടെ നീ ഉണ്ടാവുമെന്ന് 
നിന്‍റെ കണ്ണുകള്‍ എന്നോട് പറഞ്ഞു.

ഹൃദയതാളങ്ങള്‍ ലയിച്ച് ചേരുമ്പോള്‍
ഓര്‍മ്മപ്പൂക്കള്‍ എന്നെന്നും 
വാടാതെ നില്‍ക്കുമെന്നും,
സ്വപ്നങ്ങളുടെ ഗന്ധം
അന്യം വരാതെ നില്‍ക്കുമെന്നും,
സംഗീതം മഴയായി പെയ്തിറങ്ങുമ്പോള്‍ 
തിരശ്ശീലക്കിപ്പുറം നീ വരുമെന്നും,
എന്നും നീ മന്ത്രിച്ചു കൊണ്ടേയിരുന്നു.

നിന്‍റെ മിഴികളിലെ 
മോഹത്തിന്‍റെ നനവ് 
എന്‍റെ ഇന്നുകളെ 
ഒരു തണുത്ത കാറ്റായി പുല്‍കുന്നു.


Sunday, June 9, 2013

മഴ സ്വരങ്ങള്‍ ..


മഴയ്ക്ക് പല ശബ്ദങ്ങളാണ്..

തുള്ളികള്‍ പെയ്തിറങ്ങി മണ്ണിനെ സ്പര്‍ശിക്കുന്നതിന്‍റെ,
നനവ്‌ കുളിരാകുമ്പോള്‍ ഭൂമി സ്പന്ദിക്കുന്നതിന്‍റെ,

ഇലചാര്‍ത്തുകള്‍ തലയാട്ടുന്നതിന്‍റെ,
നീര്‍ക്കുമിളകള്‍ ചിതറിത്തെറിക്കുന്നതിന്‍റെ,

തണുത്ത കാറ്റ് ജാലകവിരികളെ തലോടി
കടന്നു വരുന്നതിന്റെ,

ഓട് മേഞ്ഞ മേല്‍ക്കൂരയില്‍ നിന്നും
നീര്‍ച്ചാലുകള്‍ ഇറ്റ് വീഴുന്നതിന്‍റെ,

അങ്ങിനെ ഒത്തിരി ഒത്തിരി താളങ്ങള്‍ ..

ഈ ശബ്ദങ്ങളോട് പ്രണയം തോന്നിത്തുടങ്ങിയത് 
എപ്പോഴായിരുന്നു...??


Wednesday, August 15, 2012

രാത്രിയില്‍


എന്‍റെ മനസ്സ് വിചിത്രമാണ്
എനിക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയാതെ.
മണ്‍സൂണ്‍ കാലത്തെ ആകാശം പോലെ
ഇരുളാന്‍ , തെളിയാന്‍ , നിമിഷങ്ങളുടെ വ്യത്യാസം മാത്രം

രാത്രി ഏറെ വൈകിയിരിക്കുന്നു.
ദൂരെ,  ഇരുണ്ട ജലപ്പരപ്പില്‍
നഗരവീഥിയിലെ വഴിവിളക്കുകള്‍ തിരയിളക്കുന്നു..
ലാപ്ടോപ്പില്‍ നിന്നും ഊര്‍ന്നു വീഴുന്ന സംഗീതം
മനസ്സിലേക്ക് ഒരു തണുപ്പ് പടര്‍ത്തുന്നു.

എങ്കിലും, എന്താണെന്നു അറിയാത്ത ഒരു വേദന
ഇരുളിന്‍റെ മറ പറ്റി,
മനസ്സില്‍ ഇടയ്ക്കിടെ വന്നു പോകുന്നു.

ഗിറ്റാറിന്‍റെ കമ്പികളില്‍ ചില സമയത്ത്
അപശ്രുതികള്‍ വീഴുന്നത് പോലെ
കാത്തുവെച്ച സ്ഫടിക സമ്മാനം
നിലത്ത് വീണുടഞ്ഞത് പോലെ..
ഒരു നഷ്ടബോധം..
അറിയില്ല, എന്താ ഇങ്ങിനെ എന്ന്...






Saturday, August 11, 2012

കാത്തിരിപ്പ് ..


അന്ന്..
പ്രണയകാലത്തെ കാത്തിരിപ്പുകള്‍ ..
വീട്ടിന് അരികിലെ വളവിന്‍റെ അപ്പുറം,
സൈക്കിളില്‍ വരുന്ന പോസ്റ്റ്‌ മാനെ നോക്കി..

കത്തുകളില്‍ അവളുടെ വടിവൊത്ത അക്ഷരങ്ങള്‍
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
എത്രയോ വരികള്‍ .


വാക്കുകളില്‍ സ്നേഹം ഒളിപ്പിച്ച്
വെട്ടിയും തിരുത്തിയും എഴുതുന്ന മറുപടികള്‍
പിന്നെ വീണ്ടും പ്രതീക്ഷയോടെ,
അതേ മരത്തണലില്‍ ..

ഇന്ന്...
മൊബൈലിന്‍റെ അങ്ങേ തലക്കല്‍
അവള്‍ എപ്പോഴും.
"മിസ്സ്ഡ് കോളു"കളായി,
ശബ്ദമായി, ഇടവിട്ട്‌ വരുന്ന സന്ദേശങ്ങളായി.

അവളുടെ പേരിന് നേരെ,
ഓണ്‍ലൈന്‍ ആവുന്നതും നോക്കി,
അവളുടെ ഒരു "ഹൈ" വിളി
സ്ക്രീനില്‍ മിന്നുന്നതും നോക്കി..

കൈയ്യക്ഷരം നഷ്ടപ്പെട്ട ഒരു തലമുറ,
അവരുടെ കാത്തിരിപ്പുകള്‍ ഇപ്പോള്‍ ഇങ്ങിനെയാണോ..